വളരെ ചെറുപ്പത്തില്‍
ശങ്കരാചര്യരുടെ തപസ്സും ദേവിയുടെ പ്രത്യക്ഷപ്പെടലും തുടര്‍ന്നുള്ള യാത്രയും മറ്റും
വായിച്ചറിഞ്ഞപ്പോള്‍ മനസ്സില്‍ ഉടലെടുത്ത ആഗ്രഹമായിരിന്നു കുടജാദ്രിയില്‍ പോകണം
എന്നതു്.
"നാളെ, നാളെ,
നീളെ, നീളെ;"
എന്ന ചൊല്ലും
പോലെ അതു നീണ്ടു പോയി. ൧൯൯൫ല്‍ (1995) വലതു
കാലില്‍ മുട്ടിനു
മുകളിലായി രോമം പൊഴിച്ചിലില്‍ തുടങ്ങി. തുടർന്നു് കാലിലെ
മരവിപ്പ്, പിന്നെ
കാലില്‍ വേദന, തുടര്‍ന്ന്
വലതു വശത്തു മുഴുവൻ വേദന, പുറത്തു വേദന, അവസാനം ശരീരം മുഴുവന്‍ വേദന; ഇങ്ങനെ തുടര്‍ന്നു പുരോഗമിച്ചു. ഒരുവര്‍ഷത്തോളം ജോലിക്കു പോകാനാകാതെ അസുഖ-ചികിത്സാ-അവധിയിലും
കഴിഞ്ഞു. പടിഞ്ഞാറന്‍ മരുന്നുകളെല്ലാം നോക്കി.
ഫലമില്ലാതെ കിഴക്കന്‍ മരുന്നിലെത്തി. (അമേരിക്കയിൽ
കിഴക്കന്‍ ചികിത്സകള്‍ ഇന്നത്തേതിലും വളരെ പരിമിതവും
ആയിരിന്നു അന്നു്, ഇന്നും.) ശരിക്കും പറഞ്ഞാല്‍ തനി
നാടന്‍ തിരുമ്മലില്‍ എത്തി. അവസാനം ആ കികിത്സാ-അവധിക്കാലത്തു് ആയുർ വേദത്തിലെ “തിരുമ്മു”ചികിത്സ തുടങ്ങി. 2006ലെ ആദ്യതിരുമോടുകൂടി നല്ല ആശ്വാസം
കിട്ടി. ഏതാണ്ട് 50% രോഗവിമുക്തമായി. 2009ലെ മൂന്നമത്തെ തിരുമോടുകൂടി ഇടയ്ക്കിടെ വേദന ഉണ്ടാകും
എങ്കിലും, പൂർവ്വസ്ഥിതിയിലെത്തി എന്നു പറയാൻ പറ്റില്ലാ
എങ്കിലും; സാധാരണ ജോലികൾ സൂക്ഷമതയോടുകൂടി ചെയ്യാവുന്ന സ്ഥിതിയിലായി.
വീണ്ടും പ്രശ്നം ഗുരുതരമാകാതെയിരിക്കാൻ എന്തും ചെയ്യുമ്പോൾ ഒരു മുൻകരുതലോടുകൂടി
എല്ലം ചെയ്യുന്നു. ഇതിനിടെ 2007ൽ ജോലിയിൽ
നിന്നും വിരമിച്ച്, തണുപ്പിന്റെ കാഠിന്യം കൂറഞ്ഞ സ്ഥലത്തേക്കു
താമസം മാറ്റി. ന്യൂയോർക്കിലെ മൂന്നു മാസത്തെ പച്ചക്കറികൃഷി അല്പം
കൂടി വിപുലീകരിച്ചു. ആഹാരത്തിനാവശ്യമായ പച്ചക്കറിയുടെ
90%വും സ്വയം കൃഷിചെയ്യുന്നു. നടക്കുമ്പോൽ ചിലയവസരങ്ങളിൽ
ഒരു വടിയുടെ സഹായം ആവശ്യമായേക്കാം. അതിനായി ഒരു വടി കരുതിയിരിക്കുക,
ഓരോ ചുവടുവയ്പ്പിലും ശൃദ്ധ, ശരീരം വിശ്രമം ആവശ്യപ്പെടുമ്പോൾ
അതു നല്കുക, ഇങ്ങനെയൊക്കെ ആയാൽ മിക്ക ജോലികളും ചെയ്യാം.
അപ്പോള്‍ തീരുമാനിച്ചു ഇനി കുടജാദ്രിയില്‍ പോകുക തന്നെ എന്നു്. ൨൦൧൦ (2010) ഫെബ്രുവരി
മാസം അവസാനം മൂകാംബികയിലെത്തി. മാര്‍ച്ച് മാസം ഒന്നാം തിയതി മൂകാംബികയിൽ
നിന്നും അതിരാവിലെ കുടജാദ്രിയിലേക്കു
യാത്ര തിരിച്ചു.
കുടജാദ്രിമലയിലേക്കുള്ള
കയറ്റം കുറെ ജീപ്പിൽ നടത്തി. ജീപ്പിലിരുന്നുള്ള മലകയറ്റം തന്നെ വളരെ ദുർഘടമായിരിന്നു.
പറയത്തക്ക പാതയില്ല. ജീപ്പുകൾ ഓടി ഉണ്ടായ പാതമാത്രം.
അതും കല്ലുകൾ നിറഞ്ഞത്. കല്ലുകളോ വളരെ അടുപ്പിച്ചു
നട്ട മരങ്ങൾ അല്പം ഉയരത്തിൽ വച്ചു പ്രത്യേക അളവൊന്നും ഇല്ലാതെ മുറിച്ചു കളഞ്ഞിട്ട്
അതിനു മകളിലൂടെ ജീപ്പിൽ യാത്ര ചെയ്യുന്ന പ്രതീതി. കാഴ്ച്ചയോ അല്പദൂരം മാത്രം,
വളവുകളും തിരിവുകളും കയറ്റവും. ശരിക്കും ജീവൻ കയ്യിൽ
എടുത്തുപിടിച്ചുകൊണ്ടുള്ള യാത്ര എന്നു തന്നെ പറയാം. ക്ലേശകരമായ
ആ മലകയറ്റത്തിലെ
അവസാന താവളം വരെയുള്ള ജീപ്പിലെ യാത്രതന്നെ കഠിനമായിരിന്നു. നടക്കേണ്ട ദൂരം ഇനിയും കിടക്കുന്നു.
ഏതായാലും മുകളിലേക്കു
പോകുക തന്നെ, അതിനാണല്ലോ വന്നതു്.
ജീപ്പിലെ
യാത്രകഴിഞ്ഞ്, അവസാനഭാഗമായ നടപ്പു തുടങ്ങുമ്പോഴും ഒരു
ചെറിയ സംശയം ഉണ്ടായിരിന്നു, വേദന കാരണം
ആഗ്രഹം പൂവിടാതെ ഉപേക്ഷിക്കേണ്ടി വരുമോ എന്ന്. എന്നാല്‍ രണ്ടു ചുവടു വച്ചു
കഴിഞ്ഞപ്പോള്‍ സകല വിധമായ വേദനകളും അപ്രത്യക്ഷമായി. ഒരു വടിയുടെ സഹായം മാത്രം.
വളരെ അനായാസമായിതന്നെ കുടജാദ്രിയുടെ മുകളിലെത്തി എന്നു പറയാം. കൂടെ വന്നവര്‍ എത്തുന്നതിനും ഏതാണ്ട് ൩൦ (30)
മിനിറ്റുകള്‍ക്കു മുമ്പേ. അങ്ങനെ ജീവിതത്തിലെ ഒരു അഭിലാഷം കൂടി സഫലീകരിച്ചു.
താഴേക്കുള്ള
ഇറക്കം അല്പം കൂടുതൽ
സൂക്ഷിച്ചുതന്നെ നടത്തി-
ഒരു മുന്‍ കരുതലായി. ഇറക്കത്തിൽ
കൽ തെന്നുന്നതിനു സാദ്ധ്യത കൂടുതലാണല്ലോ?
തിരിച്ചു്
ജീപ്പിനടുത്തെത്തി നിമിഷങ്ങള്‍ക്കകം,
അപ്രത്ത്യക്ഷമായിരുന്ന വേദനയും തിരിച്ചെത്തി. വളരെ നാളുകള്‍ക്കു ശേഷം ശരീരം വളരെ
പ്രയാസമേറിയ ഒരു മലകയറ്റം നടത്തിയതല്ലേ, കുറേദിവസത്തേയ്ക്കു ശരീരം വേദനിക്കും എന്നു
കരുതി. പക്ഷേ അങ്ങനെയും
ഉണ്ടായില്ല. ആ മലകയറ്റത്തിന്റേതായ ഒരു പ്രയാസങ്ങളും ആ കുടജാദ്രികയറ്റം എന്റെ ശരീരത്തില്‍
ഉണ്ടാക്കിയില്ല. മറ്റൊരു വിധം പറഞ്ഞാല്‍ ആ മലകയറ്റം നടന്നതായി എന്റെ ശരീരം
അറിഞ്ഞതേയില്ല എന്നപോലെയായിരിന്നു
അനുഭവം. മലകയറ്റസമയത്ത്
വേദനയും ഇല്ലായിരിന്നു.
മറ്റൊരു
ആഗ്രഹമായിരിന്നു രാമേശ്വരം-ധനുഷ്ക്കോടി യത്ര അതും ൨൦൧൩ല്‍ (2013) നടത്തി.
൨൦൧൪ല്‍ (2014) റായിരനെല്ലൂര്‍ കുന്നു
കയറി, നാറാണത്തുഭ്രാന്തന്റെ
ആസ്ഥാനവും കണ്ടു. ഇനിയും ചിലതു ബാക്കിയുണ്ട്. അതും സാധിക്കുമെന്നു വിശ്വസിക്കുന്നു. ഇതാ കുടജാദ്രിയാത്രയിലെ
ചില പടങ്ങൾ.